Saturday, February 27, 2010

ഇന്ന് നീ അസ്തമനത്തിനു
സാക്ഷി യാവുമ്പോൾ
ഈ പകലിൻ ചിതയിൽ
ഞാൻ എരിഞ്ഞടങ്ങിയിരിക്കും
നിനക്കയുള്ള എൻ ആത്മ്ബലി
സ്വീകരിക്കുക
നാളെ നീ ഇരുട്ടിനെ നോക്കുക
അവിടെ മിന്നിത്തിളങ്ങുന്ന
ഒരു മിന്നാമിന്നിയായി
ഞാനുണ്ടാകും
നീയെവിടെ യാത്ര പോയാലും
നിൻ കളിയോടത്തിൻ കീഴെ
ഒരു കൈത്താങ്ങായ്
ഞാനുണ്ടാകും..
നാളെ നിനക്കായ് ഉദയം
പൂ ചൊരിയട്ടെ
ഒരായിരം നിശാഗന്ധികൾ
സുഗന്ധം പരത്തട്ടെ
ഈ ആത്മാർപ്പണം
നിനക്കു വേണ്ടി മാത്രം….

Thursday, February 25, 2010

നിലാവില്‍ ഒരു
അപ്പൂപ്പന്‍ താടിയായി..
ഒഴുകി നടക്കുമ്പോള്‍
എന്നെ തേടി വന്ന
ഒരു കരംഞാന്‍ കണ്ടു...
അത് നിന്റെതായിരുന്നു...
ആ വിരല്‍തുമ്പില്‍ തൂങ്ങി...
നിന്‍ കവിളിനോട് ചേരാന്‍
ഞാന്‍ ആഗ്രഹിച്ചു...
പെട്ടെന്ന്
എന്നെ കടന്നുപോയഒരു
വാല്‍ നക്ഷത്രത്തിന്‍ ശോഭയില്‍
ഞാന്‍ കണ്ടു...
ഒരായിരം അപ്പൂപ്പന്‍ താടികള്‍
അവയ്ക്ക് പിന്നില്‍ നിന്റെ മുഖം
ഒളിച്ചിരിപ്പുണ്ടായിരുന്നു....

Thursday, February 18, 2010

നന്ദി ...അത് ഞാന്‍ ചൊല്ലാനോ
നിന്നോട് ???
എന്തിനു?
നീയെനിക്കാര്?
അല്ലെങ്കില്‍ ഞാന്‍ നിനക്കാര് ?
നിന്റെ സൗഹൃദം ...അത്
വെറുമൊരു മിഥ്യ ....
നാം വെറും അപരിചിതര്‍...
ഒരു വിളിക്കപ്പുറം
ഇതുവരെ കണ്ടുമുട്ടത്തവര്‍
പങ്കു വച്ച നിമിഷങ്ങള്‍ ഒന്നും
നമ്മുടെ സ്വകാര്യമയിരുന്നില്ലലോ
എങ്കിലും....
ഒരിക്കലും പ്രണയം കടന്നുവരാത്ത
നമ്മുടെ സൗഹൃദം
അതെനിക്ക് നിധി തന്നെ..
സത്യമായ മിഥ്യ...
നീ കടന്നുപോവുമ്പോള്‍
ഞാന്‍ വേദനിക്കില്ല
കാരണം
നിന്നെ ഞാനറിയില്ല...
പക്ഷെ...
നിന്റെ സൗഹൃദം
അത് നഷ്ടപെടുമ്പോള്‍
എന്നെതന്നെ ഞാന്‍
നഷ്ടപെടുതും.....
നിന്റെ സ്നേഹം നിറഞ്ഞിരുന്ന
സൌഹൃദത്തിനു
ഒരിക്കലും ഞാന്‍ നന്ദി
പറയില്ല

Tuesday, February 9, 2010

രാത്രിമഴയിൽ നനഞ്ഞ ശലഭം...

നിനച്ചിരിക്കാതെ പെയ്ത
ആ രാത്രിമഴ
അവൾ അന്നു ഒരു ഉന്മാദിനിയെപ്പോലെ
വാവിട്ടു കരയുകയായിരുന്നു
പാതി തുറന്ന ജനൽ പാളികളിലൂടെ
അവളുടെ രോദനത്തിന്റെ
ചീളുകൾ
എൻ കൈവെള്ളയിൽ
സ്വന്തമായ നിമിഷം....
അതിൽ വീണു പിടയുന്ന്
ഒരു ശലഭം...
മഴ നനഞ ആ ശലഭം.
അവന്റെ ആർദ്രമായ നോട്ടം...
അവനെന്റെ കവിളിൽ
പറന്നിരുന്നു
നനഞ്ഞൊട്ടിയ അവന്റെ
ചിറകുകൾ
എന്റെ നിശ്വാസത്തിൻ
ചൂടേറ്റ് ഉണർന്നു...
മഴ തോർന്നപ്പോൾ
പറന്നകലാൻ
മനസ്സില്ലാതെ
അവൻ യാത്രയായി
എന്റെ ജീവ്ൻ ഇപ്പോൾ
നിന്നിലാണെന്നു
എന്റെ കാതിൽ
അവന്റെ മന്ത്രണം
ഞാൻ പലവുരി കേട്ടൂ
പുനർജ്ജ്നിച്ച മഴകൾ
പുനർജ്ജ്നിച്ച മന്ത്രണങ്ങൾ
അവസാനം വിടപറഞ്ഞ
രാവുകൾ
എനിക്കൊരിക്കലൂം ഒരു
ശലഭത്തിൻ ജന്മം
കടമെടുക്കാവില്ലാലോ
ഇന്നലെ പെയ്ത
രാത്രിമഴയിൽ ഞാൻ
നനഞ്ഞില്ല,,,,
മറവി...
അതൊരു അനുഗ്രഹമാണു
പലപ്പോളും പല
പാതയിൽ നിന്നും
വ്യതിചലിക്കാൻ....
ഇന്നു ഞാൻ മറവിയുടെ
പാതയിലാണു..
അല്ല ..ഞാൻ ആ പാതയിൽ
സ്ഞ്ചാരം തുടങ്ങിയിട്ടേ ഉള്ളൂ..........

Monday, February 1, 2010

ദ്രുപദപുത്രി....

ആരാണാദ്യം
നീയോ ഞാനോ
മരണമെന്ന തിരിച്ചറിവിലേക്കു
ആദ്യം നടന്നു നീങ്ങുന്നവൾ
ഞാനായിരുന്നെങ്കിൽ
തുറന്ന മിഴികൾക്കു മുന്നിൽ
പരന്ന അന്ധകാരം മാത്രം
സ്വാർത്ഥതയെന്ന് അഹങ്കാരത്തിൻ
മഹാന്ധ്കാരം
അതിന്റെ മറനീക്കി
ഒരു വനവാസത്തിലേക്ക്
എനിക്കു യാത്രയാവണം
ഞാൻ നിനക്കാരാണു?
നീ എന്നെ അറിയുന്നുവോ
ഞാൻ
അരങ്ങിൽ പണയം വയ്ക്കപ്പെട്ട
പാവം ദ്രുപദപുത്രി
അഞ്ചുപേരുടെ
ഗർഭത്തെ ഉദരത്തിൽ
പേറിയവൾ
ഗാൺധീവമെയ്തെന്നെ പാർത്ഥ്ൻ
സ്വന്തമാക്കി
കല്ല്യാണസൌഗന്ധികം
തന്നെന്നെ ഭീമനും മോഹിപ്പിച്ചു
എന്റെ ഹ്രുദയവും പണയം വച്ച്
ധർമ്മിഷ്ടനായ യുധിഷ്ടിരനും
അതെ ..ഞാ‍ൻ പാവം പാഞ്ചാലി
ഇനിയുമെന്നെ അരങ്ങിലേക്കു
വലിച്ചിഴക്കരുതേ
അമ്മേ കുന്തീദേവീ
ഒരു പങ്കുവയ്ക്കപ്പെട്ട ഭിക്ഷയാവാൻ
ഇനിയുമെനിക്കു വയ്യ…

മോഹം

മങ്ങിയ മാനത്തു മയങ്ങാൻ മോഹം
മയങ്ങിക്കിടന്നെൻ സ്വപ്നങ്ങളെ
ഉണർത്താൻ മോഹം
മേഘശകലങ്ങൾക്കിടയിലൂടെ
വെള്ളിനൂലുകൾ കൊണ്ടെൻ
സ്വപ്നങ്ങൾക്കു കൊലുസു തീർക്കാൻ മോഹം...
മഞ്ഞിൻ ചിറകുകൾ നൽകിയെൻ
സ്വപ്നങ്ങളെ പറത്തുവാൻ മോഹം ................
മൌനത്തിൽ നിന്നുണരാൻ
മഞ്ഞുകണങ്ങൾക്കു മോഹം
അവയെ പുൽകാൻ
പുൽക്കൊടിത്തുമ്പിനും മോഹം